മുതൽമുടക്കില്ല, മാസം ഒരു ലക്ഷം വരുമാനം, മാതൃകയാക്കാം ഈ യുവ സംരംഭകനെ

Spread the love

ഗാർമെന്റ് രംഗത്തു കിടമത്സരം കുറഞ്ഞ ഒരു ബിസിനസ് ചെയ്യുകയാണ് ഷമീർ വടക്കേതിൽ എന്ന യുവ സംരംഭകൻ. കോഴിക്കോട് ജില്ലയിെല കല്ലുരുട്ടിയിൽ ‘ജി​ഞ്ചർ ജീൻസ്’ എന്ന േപരിലാണു സംരംഭം പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് ഇത്തരം ബിസിനസ്?

ഡൽഹിയിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി അ‍ഞ്ചു വർഷം ജോലി ചെയ്തു. അതിനുശേഷം ജീൻസിന്റെ കച്ചവടത്തിേലക്കു കടന്നു. കൂടുതൽ ലാഭം കിട്ടാൻ ജീൻസ് നിർമിച്ചു വിൽക്കുന്നതാണ് നല്ലതെന്നു മനസ്സിലായപ്പോൾ അത്തരത്തിൽ ഒരു സംരംഭം തുടങ്ങി. ‘ജിഞ്ചർ’ ബ്രാൻഡിൽ പ്രതിമാസം 1000 പീസ് വരെയാണ് ഇപ്പോൾ ഉൽപാദിപ്പിച്ചു വിൽക്കുന്നത്.

ഷോപ്പുകൾ വഴി വിൽപന

െടക്സ്റ്റൈൽ ഷോപ്പുകൾ വഴിയാണു വിൽപന നടത്തുന്നത്. നിലവിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണു കച്ചവടം. ആദ്യകാലത്ത് നേരിട്ടു പോയി ഓർഡർ‌ ശേഖരിച്ചിരുന്നു. എന്നാലിപ്പോൾ ഫോണിലൂടെ വിളിച്ചു പറയുന്നതനുസരിച്ച് ജീൻസുകൾ റെഡിയാക്കി നൽകിയാൽ മതി. നിലവിൽ വിതരണക്കാരെ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഏതാനും പേർ സമീപിച്ചിട്ടുണ്ട്. അതുകൊണ്ട് ആ രീതിയിലും വിൽപന വർധിപ്പിക്കുവാൻ ആലോചിക്കുന്നു. മുപ്പതു ദിവസം വരെ ക്രെഡിറ്റ് വരാറുണ്ട് എന്നതാണ് വിൽപനരംഗത്തെ പ്രധാന പ്രശ്നം. ചെറിയ കിടമത്സരവുമുണ്ട്. എങ്കിലും ബന്ധങ്ങൾ, വിപണിയിെല പരിചയം എന്നിവ പരിഗണിച്ച് വിൽപനയ്ക്കു കുറവ് ഉണ്ടാകുന്നില്ല.

ബിസിനസ് രീതി

∙ അഹമ്മദാബാദിലെ സ്വകാര്യ കച്ചവടക്കാരിൽ നിന്നു ജീൻസ് റോൾ (ജീൻസ് തുണി) ആയി വാങ്ങുന്നു.

∙ അത് ഡൽഹിയിലെ സ്വകാര്യ സ്ഥാപനത്തിൽ അളവനുസരിച്ച് കട്ട് ചെയ്യുന്നു.

∙ മുംബൈ, ‍ഡൽഹി എന്നിവിടങ്ങളിെല സ്റ്റിച്ചിങ് സെന്ററുകളിൽ കൊടുത്തു തയ്ച്ചു വാങ്ങും.

∙ ഗുണനിലവാരം പരിശോധിച്ച് ഫിനിഷിങ് വർക്ക് ആവശ്യമെങ്കിൽ, എന്തെങ്കിലും കുറവുണ്ടെങ്കിൽ അതു ചെയ്യുന്നു.

∙ അതിനുശേഷം ബണ്ടിൽ/കെട്ടുകൾ ആക്കി വിതരണം നടത്തുന്നു.

ഇതാണു ബിസിനസ് രീതി. ഇതുവഴി സ്ഥലസൗകര്യം, മെഷിനറികളിലെ നിക്ഷേപം, ജോലിക്കാർ എന്നിവ വഴിയുള്ള റിസ്ക് വളരെ കുറയ്ക്കുവാൻ കഴിയുന്നു.

വിജയരഹസ്യങ്ങൾ

∙ മികവുറ്റ പാറ്റേണുകൾ.

∙ പെർഫെക്ട് സ്റ്റിച്ചിങ്.

∙ 10 ശതമാനം വരെ വിലക്കുറവ്.

∙ കളർ ഫെയ്‍ഡ് ഉണ്ടാകില്ല.

∙ അളവു കൃത്യമായിരിക്കും.

∙ കൃത്യസമയത്തു തന്നെ ഡെലിവറി.

∙ ഉപഭോക്താക്കളുമായി എന്നും നല്ല ബന്ധം.

ശരാശരി 1000 ജീൻസ്

ഒരു ജീൻസ് സ്റ്റിച്ച് ചെയ്യുന്നതിന് 95 രൂപ മുതൽ 140 രൂപ വരെയാണു കൂലി നൽകുന്നത്. ഒരു ദിവസം കുറഞ്ഞത് അഞ്ചെണ്ണം ഒരാൾ ചെയ്യും. ഒരു മീറ്റർ തുണിക്ക് 200 രൂപ മുതൽ 250 രൂപ വരെ വില വരുന്നു. ഒരു ജീൻസ് തുന്നാൻ 1.25 മുതൽ 1.40 വരെ മീറ്റർ തുണിയാണു േവണ്ടത്. 650 രൂപ മുതൽ 800 രൂപ വരെ വിലയ്ക്കു വിൽക്കുന്നു.

പ്രതിമാസം ശരാശരി 1000 ജീൻസ് വിൽക്കുന്നുണ്ട്. ആറു മുതൽ ഏഴു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ലഭിക്കുന്നു. ക്രെഡിറ്റ്, പണം പിരിഞ്ഞു കിട്ടായ്ക, ജിഎസ്ടി എന്നിങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും 20 ശതമാനം വരെ അറ്റാദായം കിട്ടും. ഇതിൻപ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപ ലഭിക്കുന്നു.

ഒരു സ്റ്റിച്ചിങ് മെഷീൻ മാത്രം

ഒരു ൈഹസ്പീഡ് സ്റ്റിച്ചിങ് മെഷീൻ മാത്രമാണ് ഷമീർ ഉപയോഗിക്കുന്നത്. കൂടാെത ഇസ്തിരിയിടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭാര്യ നദീറ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു. മകൾ ഷമീറ ജാസ്മിൻ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പുതിയതായി കുട്ടികളുടെ ജീൻസ് വിഭാഗം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.

പുതുസംരംഭകർക്ക്

ഗാർമെന്റ് മേഖലയിൽ ലഘു സംരംഭങ്ങൾക്ക് എന്നും അവസരങ്ങൾ ഉണ്ട്. വലിയതോതിൽ സ്ഥിരനിക്ഷേപം ഇല്ലാതെ ഈ മേഖലയിലേക്കു കടന്നുവരാം. കാര്യങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പില്ലാക്കണമെന്നു മാത്രം. ഡിമാൻ‌ഡുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. തുടക്കത്തിൽ മൂന്നു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നടത്തിയാൽപോലും 60,000 രൂപ അറ്റാദായം പ്രതീക്ഷിക്കാം.

വിലാസം:

ഷമീർ വടക്കേതിൽ

ജിഞ്ചർ ജീൻസ്

തെച്ചിയാട്, കല്ലുരുട്ടി പി. ഒ.

ഓമശ്ശേരി, കോഴിക്കോട്

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *