സൈബർ ലോകം പറയുന്നു, ഇവരാണ് ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും!

Spread the love

ഈ ചിത്രത്തിൽ കാണുന്നത് ഒരു വയസ്സുകാരൻ എന്‍സോയും അവന്റെ അമ്മ കരോളിനയും. ഇന്ന് ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനുമായി സൈബർ ലോകം വാഴ്‌ത്തിപ്പാടുകയാണ് ഇവരെ. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ അമ്മയുടെയും മകന്റെയും ചിത്രത്തിന് പിന്നിൽ ത്യാഗത്തിന്റെ ഒരു കഥ കൂടിയുണ്ട്.

എൻസോ ജനിച്ചത് സിസേറിയനിലൂടെയാണ്. ആ സമയം അവന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു. ജീവന് ആപത്തൊന്നുമില്ലെങ്കിലും എൻസോ ജനിച്ചത് മുഖത്ത് വലിയൊരു കറുത്ത മറുകോടെയായിരുന്നു. ഇടതു നെറ്റിയുടെ പാതിയും ഇടതു കണ്ണും മൂടിയ നിലയിലായിരുന്നു മറുക്. മുഖത്തെ മറുക് ഒഴിച്ചുനിർത്തിയാൽ അവൻ പൂർണ്ണ ആരോഗ്യവാനായിരുന്നു. എന്നാൽ മാതാപിതാക്കൾക്ക് മറുകിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. തുടർ പരിശോധനകൾക്ക് ശേഷം മറുക് അപകടകരമല്ലെന്ന് ഡോക്ടർമാർ ഉറപ്പുനൽകിയതോടെയാണ് അമ്മ കരോളിനയ്ക്ക് ആശ്വാസമായത്.

എന്നാൽ സങ്കടങ്ങൾ അവിടംകൊണ്ട് തീർന്നില്ല. എൻസോയോടുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് കരോളിനയെ വേദനിപ്പിച്ചു. അവർ കുഞ്ഞുമായി പുറത്തു പോകുമ്പോഴൊക്കെ ആളുകളുടെ തുറിച്ചുനോക്കും. വെറുപ്പോടെ അവനിൽ നിന്ന് മുഖം തിരിക്കും. തന്റെ മകൻ നേരിടുന്ന വെറുപ്പും അവഗണനയും സഹതാപവുമെല്ലാം കരോളിനയിൽ അസ്വസ്ഥതയുണ്ടാക്കി. ആളുകളുടെ ഈ കാഴ്ചപ്പാട് മാറ്റിയെടുക്കണമെന്ന് അവർ തീരുമാനിച്ചു. ഇതിനായി ഒരു ദിവസമെങ്കിലും അവനെപ്പോലെയാകണമെന്ന് കരോളിന ഉറപ്പിച്ചു.
കരോളിന ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായത്തോടെ സ്വന്തം മുഖത്തും കുഞ്ഞിന്റെ അതേ മറുക് വരച്ചുചേർത്തു. അമ്മയുടെ പുതിയ രൂപം കണ്ട് എൻസോ ഹാപ്പിയായി. എന്നെന്നും സൂക്ഷിച്ചുവയ്‌ക്കാൻ അവനൊപ്പം അവർ ധാരാളം ചിത്രങ്ങളുമെടുത്തു. അന്നേദിവസം കരോളിന ഓഫിസിൽ പോയതും ഇതേ മേക്കപ്പിലായിരുന്നു. വൈകാതെ വേദനിപ്പിക്കുന്ന ആ സത്യം അവർ മനസ്സിലാക്കി. എൻസോയെ നോക്കുന്ന അതേ കണ്ണുകളോടെയാണ് ആളുകൾ തന്നെയും നോക്കുന്നത്.
മറ്റുള്ളവരുടെ അവജ്ഞയും അവഗണനയും എൻസോ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് കരോളിനയ്ക്ക് ഉറപ്പായി. എങ്കിലും മകൻ അനുഭവിക്കേണ്ടി വരുന്ന ദുഃഖം ഒരു ദിവസമെങ്കിലും അറിഞ്ഞിരിക്കണം. അതിനുവേണ്ടിയാണ് അവർ അതേ മേക്കപ്പിൽ പുറത്ത് പോയത്. ഇന്ന് കരോളിനയുടെയും കുഞ്ഞു എൻസോയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവർ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള അമ്മയും മകനും തന്നെയാണെന്നാണ് സൈബർ ലോകം പറയുന്നത്.

Post Author: LOGICMEDIA

Leave a Reply

Your email address will not be published. Required fields are marked *